Wednesday, December 3, 2008

സുദര്‍ശനന്‍ സാറിന്റെ സ്വപ്നം!


സുദര്‍ശനന്‍ ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനാണ് (ഒരു പ്രാദേശിക ലേഖകന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയില്ലല്ലോ). പണ്ട് അയാള്‍ ഒരു ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനായിരുന്നു (ഒരു ട്യൂട്ടോറിയല്‍ അധ്യാപകന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയില്ലല്ലോ). പുതിയ വിദ്യാഭ്യാസ പദ്ധതി വന്നതോടെ പത്താം ക്ളാസിന്റെ പ്രാധാന്യവും തോല്‍വി എന്ന ഭീതിയും ഇല്ലാതായി. അതോടെ എസ്.എസ്.എല്‍.സി. സെഷന്‍ ക്ളാസ്സുകളും ഇല്ലാതായി. പത്താം ക്ളാസ് ഏത് പാമരനും ജയിക്കാമെന്നായി. വെറുതെ അങ്ങ് ഇരുന്നുകൊടുത്താല്‍ മതി. ഒരു തരം ട്രെയിന്‍ യാത്ര. ടിക്കറ്റെടുത്ത് കയറിയിരിക്കുക. എത്തേണ്ടിടത്ത് ഇറങ്ങുക. തോല്‍ക്കുന്നവരില്ല. ഗ്രേഡുകാര്‍ മാത്രം - മുന്തിയത്, അതിലും കുറഞ്ഞത്, ഏറ്റവും അറ്റത്ത് ആത്മാവു പോയ ഗ്രേഡുകാര്‍. ഉന്നത വിദ്യാഭ്യാസത്തിന് ഭാഗ്യമില്ലാത്ത നപുംസകങ്ങള്‍. പക്ഷേ അവര്‍ക്കുവേണ്ടി \'സേ\' ഉണ്ട്. അങ്ങനെ സെഷന്‍കാരും ട്യൂട്ടോറിയലും ഇല്ലാതായതോടെ സുദര്‍ശനന്‍ ഈവനിംഗ് കോഴ്സുവഴി ജേര്‍ണലിസം പാസാവുകയും പത്രപ്പരസ്യം വഴി പ്രാദേശിക ലേഖകനാവുകയും ചെയ്തു. എങ്കിലും സാര്‍ എന്നുള്ള സംബോധനകള്‍ എവിടെച്ചെന്നാലും കേള്‍ക്കാം. സാമാന്യം ഭേദപ്പെട്ട ശിഷ്യസമ്പത്തും ഉണ്ട്. വിവാഹിതനാണ്. രണ്ടു കുട്ടികളുമുണ്ട്. മുംബൈ സ്ഫോടനം നടന്ന ദിവസം സുദര്‍ശനന്‍ സാര്‍ ഉറങ്ങിയത് രാത്രി രണ്ടുമണിക്കാണ്. മെല്ലെ അദ്ദേഹം ഒരു സ്വപ്നത്തിലേക്ക് വഴുതിവീണു. മുംബൈ താജിലാണ് സാറിപ്പോള്‍. യൂണിഫോം ഒക്കെ ധരിച്ചിട്ടുണ്ട്. കൈയില്‍ തോക്കും മറ്റ് ആയുധങ്ങളുമുണ്ട്. സാര്‍ താജിലേക്ക് ഇടിച്ചുകയറി. ദാ നില്‍ക്കുന്നു ഒരു ഭീകരന്‍. അയാളുടെ കൈയ്യില്‍ തിര തീര്‍ന്ന ഒരു തോക്കേയുള്ളു. അയാള്‍ സാറിനുനേരെ തോക്കുമായി പാഞ്ഞടുക്കുകയാണ്. അടിച്ചുവീഴ്ത്താനാണ്. സാര്‍ തയ്യാറായി. \'ടാ, നില്‍ക്കവിടെ! ഇത് ലോഡ് ചെയ്ത തോക്കാണ്. കൊന്നുകളയും!\'. ഭീകരന്‍ നിന്നു. കൈകള്‍ രണ്ടും പൊക്കി. ഭീകരനെ സുദര്‍ശനന്‍ സാര്‍ ശ്രദ്ധിച്ചുനോക്കി. പയ്യന്‍ പത്താം ക്ളാസിലെ ഒരു മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വയസ് വരും! മീശ കരുത്താര്‍ജ്ജിച്ചിട്ടില്ല. സാര്‍ മലയാളം പാഠപുസ്തകത്തിലെ ബഷീറിന്റെ കഥയോര്‍ത്തുപോയി. ഭൂമിയുടെ അവകാശികള്‍! ഒന്നിനേയും കൊല്ലരുത്. എല്ലാവരും ഭൂമിയുടെ അവകാശികളാണ്. പുലിയും പല്ലിയും ഉറുമ്പും ചിതലുമെല്ലാം. സഖാവ് മൂര്‍ക്കനും! ഭീകരനെ നോക്കി സാര്‍ മന്ദഹസിച്ചു. പാവം പയ്യന്‍. ഒന്നുപദേശിച്ചു നോക്കാം. നേരെയാകുമെന്നു തോന്നുന്നു. പക്ഷേ ആദ്യം സുദര്‍ശനന്‍ സാറിന്റെ തനിസ്വഭാവം കാട്ടണം. ക്രുദ്ധനായി സാര്‍ സംസാരം ആരംഭിച്ചു. \'എടാ, ഡാഷ് മോനെ.... നിനക്ക് എന്തിന്റെ സൂക്കേടാ. നിനക്ക് തോന്ന്യവാസം കാട്ടാനുള്ളതാണോ ഈ ഇന്ത്യ? ഈ താജ്? ഈ മുംബൈ? എന്തിനാടാ ജന്മം തുലയ്ക്കുന്നത്? നീ മയക്കുമരുന്ന് കഴിക്കുന്നുണ്ടല്ലേ? എടാ, സുഗതകുമാരിയുടെ ലേഖനം പത്താം ക്ളാസിലുണ്ട്. സമയം കിട്ടുമ്പോള്‍ ഒന്നു വായിച്ചുനോക്കണം. മയക്കുമരുന്നടിച്ചു ജന്മം തുലച്ച ഒരു പതിനെട്ടുകാരന്റെ അവസ്ഥ\'. ഭീകരചെറുക്കന്‍ ഒന്നും പറഞ്ഞില്ല. തലകുനിച്ചു നില്‍ക്കുകയാണ്. അനുസരണയുള്ളവന്‍. സാറിനുതോന്നി. തെറ്റുപറ്റി, വഴിതെറ്റി പാവം. സാറ് പയ്യന്റെ അടുത്തേക്കുചെന്നു. \'എടാ മോനെ, ഇത് പാപമാണ്. നമുക്കൊരാളെ കൊല്ലാന്‍ പറ്റും. കുറെപ്പേരെ കൊല്ലാന്‍ പറ്റും. കുറെ നശിപ്പിക്കാന്‍ പറ്റും. പക്ഷേ അതല്ല നമ്മുടെ കര്‍ത്തവ്യം. നീ നിന്റെ ഭാവി തുലച്ചില്ലേ. മിടുക്കനായി പഠിച്ച് പി.എസ്.സി. ലാസ്റ് ഗ്രേഡിന് അപേക്ഷിച്ച് പരീക്ഷ എഴുതി കാത്തിരിക്കുകയോ മറ്റു ജോലി ചെയ്തു രക്ഷപെടുകയോ ചെയ്യാമായിരുന്നു. എന്തിനാ ഈ പണിക്ക് ഇറങ്ങിയത്. ദേ, ഞാനായിട്ട് നിന്നെയൊന്നും ചെയ്യില്ല. വെറുതെ പ്രശ്നമുണ്ടാക്കരുത്\'. ഭീകരച്ചെറുക്കന്‍ ഒന്നും മിണ്ടുന്നില്ല. സാറിന് ആവേശം കേറി. അവന്‍ ഉപദേശം കേള്‍ക്കുന്നുണ്ട്. \'മോനെ, നിനക്ക് ഈ തെമ്മാടിത്തരത്തിന് ധാരാളം പണം കിട്ടിക്കാണുമല്ലോ. ആ പണമെല്ലാം എവിടെ? നീ ടിവി കണ്ടോ? നിന്റെയൊക്കെ ഭീകരക്കളിയുടെ തത്സമയ പ്രക്ഷേപണത്തിനിടക്ക് ഒരു പരസ്യം കണ്ടു. ഒരുത്തനെ കടലില്‍തട്ടി താഴ്ത്തുന്നതും വളരെ കരുത്തോടെ അയാള്‍ പൊങ്ങിവരുന്നതും നിനക്ക് എന്തോന്നു മനസ്സിലായി. അത് ഇന്‍ഷൂറന്‍സ് പരസ്യമാ. നീ നിന്റെ പണം ഇതുപോലെ ഇന്‍വെസ്റ്മെന്റില്‍ കൊണ്ട് ഇട്. എന്റെ സഹപ്രവര്‍ത്തകന്‍ പോളിസി ഏജന്റാ. നീ ഭീകരനൊന്നുമല്ല. ചുമ്മാതെ ഓരോരുത്തര് പറഞ്ഞ് പറഞ്ഞ് കുറ്റപ്പെടുത്തുന്നതാ. നീ ഇനി ഇങ്ങനെയൊന്നും ചെയ്യരുത് കേട്ടോ\'. സാറ് ഭീകരച്ചെറുക്കന്റെ തോളത്തുതട്ടി. അവന്‍ \'ഒന്നിന്\' പോകണമെന്ന് ആംഗ്യം കാട്ടി. സാറ് സ്നേഹത്തോടെ പുഞ്ചിരിയോടെ അതിനനുവദിച്ചു. \'പൊയ്ക്കളയരുത്. ചെക്കന്‍ ജനാലവഴി പുറത്തേക്കു ചാടി. \'നിന്നെ പിന്നെ കണ്ടോളാം. ഇന്ത്യന്‍ നായെ എന്ന് ഇംഗ്ളീഷില്‍ പറഞ്ഞുകൊണ്ട്. സാര്‍ ചുറ്റുംനോക്കി. ആരും കേട്ടില്ല. സുദര്‍ശനന്‍ സാറിന്റെ പടം പത്രത്തില്‍ വന്നു. ടിവിയില്‍ വന്നു. സാറിന് അനുമോദനങ്ങളുടെ പ്രവാഹമായിരുന്നു. ഭീകരനെ ഉപദേശിച്ചു നേരെയാക്കുന്നുവെന്ന് പുതിയ ഭീകരകഥ. താന്‍ വാര്‍ത്തയെഴുതികൊടുക്കുന്ന പത്രവും ഒന്നാം പേജില്‍ വാര്‍ത്ത നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ സാറിനുവേണ്ടി അനുമോദനയോഗങ്ങള്‍ നടത്തുന്നു. സ്വീകരണങ്ങള്‍, നോട്ടുമാലകള്‍, മാലകള്‍.... ഒടുവില്‍ അതാ വരുന്നു ഒരു സര്‍പ്രൈസ് ഓഫര്‍. ഭീകരതയെ നേരിട്ട സാറിന്റെ ധൈര്യവും ബുദ്ധിയും ഉപദേശപാടവവും പരിഗണിച്ച് അദ്ദേഹത്തിനെ കേന്ദ്രമന്ത്രി സഭയില്‍ ആഭ്യന്തരമന്ത്രിയാക്കി പ്രധാനമന്ത്രി നിയമിച്ചിരിക്കുന്നു എന്ന് വാര്‍ത്ത! ഫ്ളാഷ് ന്യൂസുകള്‍. സാര്‍ പുളകമണിഞ്ഞുനില്‍ക്കുന്നു. ന്യൂഡല്‍ഹിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ്. \'ദേ, പാലു വാങ്ങാന്‍ പോകുന്നില്ലേ. സമയം ഏഴര കഴിഞ്ഞു\'. ഭാര്യ വിളിച്ചപ്പോഴാണ് സാറുണര്‍ന്നത്. \'എടീ, ഞാനൊരു സ്വപ്നം കണ്ടു....\' \'ഭീകരനെ കൊന്നു എന്നായിരിക്കും\'. ഭാര്യ കളിയാക്കി. \'ഇവളിതെങ്ങനെ അറിഞ്ഞു\'. സാറ് മിഴിച്ചിരുന്നു.

സാമൂഹ്യപാഠം: സ്വപ്നം ചിലര്‍ക്ക് ശരിയായി വന്നേക്കാം. സ്വപ്നംകൊണ്ടും രാജിയും ഉപദേശവുംകൊണ്ട് ഭീകരര്‍ തോല്‍ക്കുമോ? തോക്കു വേണ്ടെന്നു വയ്ക്കുമോ?

പീഡനകലയില്‍ ബാല്യങ്ങളും തിളങ്ങുന്നു


ഒരു കഥ കേട്ടിട്ടുണ്ട്? പണ്ടത്തെ സ്കൂള്‍ കഥയാണ്. സ്കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് കുട്ടികള്‍ മൂത്രമൊഴിക്കാന്‍ മൈതാനത്തേക്ക് പോകും. ആണ്‍കുട്ടികള്‍ സ്വന്തമായി വെളിമ്പ്രദേശത്ത് അത് സാധിക്കും. ചിലര്‍ മൂത്രം കൊണ്ടു നദി വെട്ടി വെയ്ക്കും. ചിലര്‍ സ്വന്തം പേര് മരത്തിലോ മതിലിലോ എഴുതും. ചിലര്‍ മൂത്രം വളരെ ദൂരം പായിക്കുന്ന മത്സരം നടത്തും. അങ്ങനെ ഒഴിവു സമയം അവര്‍ വളരെയധികം ആനന്ദകരമാക്കുമായിരുന്നു. കഥ അതല്ല. ഒരു സ്കൂളില്‍ ഒരു മിടുക്കനുണ്ടായിരുന്നു. അവന്റെ വിദ്യയും സന്തോഷവും ഈവക ഐറ്റങ്ങള്‍ക്കല്ലായിരുന്നു. അവന്‍ മൂത്രം മറ്റു കുട്ടികളുടെ മേല്‍ ചിതറിവീഴ്ത്തുക എന്ന വിരുതാണ് കാട്ടുക. ഒറ്റ വീശല്‍കൊണ്ടു മൂന്നാലുകുട്ടികളുടെ തല മുതല്‍ പാദം വരെ ഈ വികൃതി മൂത്രാഭിഷേകം ചെയ്തിരുന്നു. കുട്ടികള്‍ പലപ്പോഴും അധ്യാപകരോടു പരാതി പറഞ്ഞിരുന്നു. പലപ്പോഴും അവന് ശിക്ഷ ലഭിച്ചിരുന്നു. പക്ഷേ, പയ്യന്‍ ജന്മായത്തമായി കിട്ടിയ കലാവാസന വിട്ടുകളഞ്ഞില്ല. ഒടുവില്‍ പ്രധാനാധ്യാപകന്‍ ഇടപെട്ടു. പയ്യനെ ക്ളാസില്‍നിന്നിറക്കിവിട്ടു. \"നീ നിന്റെ അച്ഛനെ വിളിച്ചുകൊണ്ടുവാ. എന്നിട്ടു ക്ളാസില്‍ കയറിയാല്‍ മതി\'\'. പയ്യന്‍ കരഞ്ഞുകൊണ്ടു വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ പ്രധാനാധ്യാപകന്‍ സ്കൂള്‍ വരാന്തയില്‍ നില്‍ക്കുകയാണ്. ഒരു വികൃതി പയ്യന്‍ വന്നു. \"സാറെ, ചാച്ചന്‍ വരുന്നുണ്ട്\'\'. \"വരട്ടെ, നിന്റെ അഹങ്കാരം അവരൊന്നറിയട്ടെ\'\'. സാറ് വെറുതെ റോഡിലേക്ക് നോക്കി. അതാ വരുന്നു പയ്യന്റെ അച്ചന്‍. സാറ് സൂക്ഷിച്ചുനോക്കി. മുണ്ടും ഉടുപ്പും തലേക്കെട്ടും ധരിച്ച ഒരുത്തന്‍ റോഡിലൂടെ നടന്നുവരുന്നു. സാറ് സൂക്ഷിച്ചുനോക്കി. അദ്ദേഹം ഞെട്ടിപ്പോയി. അയാള്‍ റോഡിലൂടെ നടന്നുകൊണ്ടു മൂത്രമൊഴിച്ചു വരികയാണ്! സാറ് ഒന്നുകൂടി സൂക്ഷിച്ചുനോക്കി. അന്ധാളിച്ചുപോയി. ഒട്ടുനേരം ഒന്നുംമിണ്ടാന്‍ വയ്യാതെ നിന്നു. പിന്നെ ചെക്കന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു. നീ ക്ളാസില്‍ കയറിക്കോ. ഒപ്പം നിന്റെ അച്ഛനോടു ചെന്നു പറഞ്ഞേക്ക് ഇനിയിങ്ങോട്ടു വരണ്ടാന്ന്\'\'. സാറ് വേഗം സ്ഥലം വിട്ടു. റോഡിലൂടെ നടന്നു മൂത്രമൊഴിക്കുന്ന തന്തയുടെ മകന്‍ പിള്ളാരുടെ മേലെ മൂത്രമൊഴിക്കുന്നത് \"ജീനി\'\'ന്റെ പ്രത്യേകത തന്നെ. കള്ളിപ്പശുവിന്റെ മോള് പുള്ളിക്കിടാവെന്നല്ലേ. ഈ കഥ ഇപ്പോള്‍ അവതരിപ്പിച്ചതിനു പിന്നില്‍ ഒരു സംഭവമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ഒരു പ്രധാന വാര്‍ത്തയാണിതിന് ആധാരം. ആറാം ക്ളാസുകാരിയായ വിദ്യാര്‍ത്ഥിനിയെ എട്ടാം ക്ളാസുകാരായ മൂന്ന് ആണ്‍കട്ടികള്‍ പീഡിപ്പിച്ചു. ഇതൊരു ബാലവീരഗാഥയായി ആദ്യം തോന്നി. പിന്നീടാണ് അതിലെ നടുക്കം ഉണ്ടാക്കുന്ന ചില വസ്തുതകള്‍ ഓര്‍ത്തത്. പതിനൊന്നു വയസുകാരിയാണ് വിദ്യാര്‍ത്ഥിനി. പതിമൂന്നു വയസുകാരാണ് പീഡന വീരന്മാര്‍. നമ്മുടെ സമൂഹത്തിന്റെ അധഃപതനം ഏതു നില വരെ എത്തിയെന്നു ഇനി ആലോചിച്ച് സമയം കളയാനില്ല. പല പീഡനക്കേസുകളിലും രക്ഷിതാക്കളാണു പ്രതികള്‍. മുതിര്‍ന്നവരാണ് ആറു വയസുകാരികളേയും 14കാരികളേയും പീഡിപ്പിക്കുന്നത്. അത്തരം വാര്‍ത്തകളില്ലാതെ ദിനപ്പത്രം ഒരു ദിവസംപോലുമില്ല! ചാനല്‍ റിപ്പോര്‍ട്ടുകളുമില്ല! കണ്ടും കേട്ടും പഠിക്കുന്ന കുട്ടികള്‍ അതാവര്‍ത്തിക്കുന്നു. ആശാനൊന്നു പിഴച്ചാല്‍.... ഓരോ അച്ഛനും ഓരോ ആശാന്‍ കൂടിയാണ്. ഒരു കുട്ടിയുടെ അച്ഛന്‍ മാത്രമല്ല, അയാള്‍ ഒരു സമൂഹത്തിലെ മുഴുവന്‍ കുട്ടികളുടെ മാതൃകാ ഗുരു കൂടിയാണ്. അയാളാണ് ആറു വയസുകാരിയെ അറുപതാം വയസില്‍ പീഡിപ്പിച്ചുകൊല്ലുന്നത്. സ്വന്തം മകളെ മാനഭംഗപ്പെടുത്തി ഒരു തവണയല്ല, നിരവധി തവണയാണ് കൊല്ലുന്നത്, ഗര്‍ഭിണിയാക്കുന്നത്. മറ്റുള്ളവര്‍ക്കു വില്‍ക്കാനും കാശുണ്ടാക്കാനും തയാറാകുന്നത്. മാതാവും ഒരു ഗുരുവാണ്. ഒരു സ്ത്രീ; ഒരു അമ്മ അവരൊരു സമൂഹത്തിന്റെ മുഴുന്‍ ഗുരുവാണ്. അവരാണ് പതിമൂന്നുകാരിയെ വില്‍ക്കാന്‍ കൊണ്ടുനടന്ന് പിന്നീടു കൊലപ്പെടുത്തിയത്. സിനിമയുടെ പേരുപറഞ്ഞ് അവളെ വിറ്റ് ആടയാഭരണങ്ങളും അന്തസും അവള്‍ക്കു നേടിക്കൊടുക്കുന്നത്. ഇത്തരം ഒരു സമൂഹത്തില്‍ ഇങ്ങനെയുള്ള സന്തതികളല്ലേ ഉണ്ടാകൂ. ഇങ്ങനെയുള്ള ബാല്യങ്ങളല്ലേ ഉണ്ടാകൂ. തെങ്ങില്‍നിന്ന് തേങ്ങയല്ലാതെ മറ്റെന്തു കിട്ടാന്‍? ഒരു നീതിസാരവാക്യം ഓര്‍ക്കുന്നു. \"അച്ഛനെ കൊല്ലണം, അമ്മയ്ക്കൊന്നും കൊടുക്കരുത്, ഭാര്യക്കെല്ലാം കൊടുക്കണം\'\'എന്ന്. അച്ഛനെ കൊല്ലുക എന്നത് ശാരീരികമായല്ല. ബുദ്ധിയേയും അച്ഛന്റെ പ്രതാപ പ്രഭാവത്തേയുമാണ് മക്കള്‍ ജയിക്കേണ്ടത്. മിടുക്കനായ അച്ഛന്റെ അതിമിടുക്കനായ മകന്‍. മറ്റുള്ളത് അവിടെ നില്‍ക്കട്ടെ. അച്ഛന്റെ പ്രവൃത്തികളെയും വിജയങ്ങളെയും വെല്ലുക എന്ന അര്‍ത്ഥത്തിലാണ് അച്ഛനെ കൊല്ലുക എന്ന് വിവക്ഷിക്കുന്നത്. എന്നാല്‍ അത് ഇന്ന് ശരിക്കും വൃഥാവിലാകുകയാണ്. അച്ഛന്മാരെ ശരിക്കും കൊല്ലുകയാണ് മക്കള്‍. അച്ഛന്മാരുടെ പേരിനുമീതെ വളരുകയാണ് എല്ലാ അര്‍ത്ഥത്തിലും മക്കള്‍. മുട്ടയില്‍ നിന്നു വിരിയുംമുമ്പേ മഹാപാപികളായി, ആഭാസന്മാരായി മാറുകയാണ് ബാലന്മാര്‍! ഇപ്പോള്‍ നടന്ന ഈ പീഡനം ഒരു ബാലവീരഗാഥയായി എഴുതാമോ? ഇനിയെങ്കിലും കുട്ടികളെ നോക്കി രക്ഷിതാക്കള്‍ നടക്കണം - മുതിര്‍ന്നവര്‍ നടക്കണം. അല്ലെങ്കില്‍ അച്ഛനെ കൊല്ലുന്ന മക്കള്‍ പിറക്കും. പിന്നെ കരഞ്ഞിട്ടു കാര്യമില്ല.

സാമൂഹ്യപാഠം : മുമ്പേ ഗമിക്കുന്ന ഗോവു തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം. അഭിമന്യുവിനെ ഓര്‍ത്ത് പാര്‍ത്ഥന് അഭിമാനിക്കാം; ധൃതരാഷ്ട്രര്‍ക്കോ?