
ഒരു കഥ കേട്ടിട്ടുണ്ട്? പണ്ടത്തെ സ്കൂള്‍ കഥയാണ്. സ്കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് കുട്ടികള്‍ മൂത്രമൊഴിക്കാന്‍ മൈതാനത്തേക്ക് പോകും. ആണ്‍കുട്ടികള്‍ സ്വന്തമായി വെളിമ്പ്രദേശത്ത് അത് സാധിക്കും. ചിലര്‍ മൂത്രം കൊണ്ടു നദി വെട്ടി വെയ്ക്കും. ചിലര്‍ സ്വന്തം പേര് മരത്തിലോ മതിലിലോ എഴുതും. ചിലര്‍ മൂത്രം വളരെ ദൂരം പായിക്കുന്ന മത്സരം നടത്തും. അങ്ങനെ ഒഴിവു സമയം അവര്‍ വളരെയധികം ആനന്ദകരമാക്കുമായിരുന്നു. കഥ അതല്ല. ഒരു സ്കൂളില്‍ ഒരു മിടുക്കനുണ്ടായിരുന്നു. അവന്റെ വിദ്യയും സന്തോഷവും ഈവക ഐറ്റങ്ങള്‍ക്കല്ലായിരുന്നു. അവന്‍ മൂത്രം മറ്റു കുട്ടികളുടെ മേല്‍ ചിതറിവീഴ്ത്തുക എന്ന വിരുതാണ് കാട്ടുക. ഒറ്റ വീശല്‍കൊണ്ടു മൂന്നാലുകുട്ടികളുടെ തല മുതല്‍ പാദം വരെ ഈ വികൃതി മൂത്രാഭിഷേകം ചെയ്തിരുന്നു. കുട്ടികള്‍ പലപ്പോഴും അധ്യാപകരോടു പരാതി പറഞ്ഞിരുന്നു. പലപ്പോഴും അവന് ശിക്ഷ ലഭിച്ചിരുന്നു. പക്ഷേ, പയ്യന്‍ ജന്മായത്തമായി കിട്ടിയ കലാവാസന വിട്ടുകളഞ്ഞില്ല. ഒടുവില്‍ പ്രധാനാധ്യാപകന്‍ ഇടപെട്ടു. പയ്യനെ ക്ളാസില്‍നിന്നിറക്കിവിട്ടു. \"നീ നിന്റെ അച്ഛനെ വിളിച്ചുകൊണ്ടുവാ. എന്നിട്ടു ക്ളാസില്‍ കയറിയാല്‍ മതി\'\'. പയ്യന്‍ കരഞ്ഞുകൊണ്ടു വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ പ്രധാനാധ്യാപകന്‍ സ്കൂള്‍ വരാന്തയില്‍ നില്‍ക്കുകയാണ്. ഒരു വികൃതി പയ്യന്‍ വന്നു. \"സാറെ, ചാച്ചന്‍ വരുന്നുണ്ട്\'\'. \"വരട്ടെ, നിന്റെ അഹങ്കാരം അവരൊന്നറിയട്ടെ\'\'. സാറ് വെറുതെ റോഡിലേക്ക് നോക്കി. അതാ വരുന്നു പയ്യന്റെ അച്ചന്‍. സാറ് സൂക്ഷിച്ചുനോക്കി. മുണ്ടും ഉടുപ്പും തലേക്കെട്ടും ധരിച്ച ഒരുത്തന്‍ റോഡിലൂടെ നടന്നുവരുന്നു. സാറ് സൂക്ഷിച്ചുനോക്കി. അദ്ദേഹം ഞെട്ടിപ്പോയി. അയാള്‍ റോഡിലൂടെ നടന്നുകൊണ്ടു മൂത്രമൊഴിച്ചു വരികയാണ്! സാറ് ഒന്നുകൂടി സൂക്ഷിച്ചുനോക്കി. അന്ധാളിച്ചുപോയി. ഒട്ടുനേരം ഒന്നുംമിണ്ടാന്‍ വയ്യാതെ നിന്നു. പിന്നെ ചെക്കന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു. നീ ക്ളാസില്‍ കയറിക്കോ. ഒപ്പം നിന്റെ അച്ഛനോടു ചെന്നു പറഞ്ഞേക്ക് ഇനിയിങ്ങോട്ടു വരണ്ടാന്ന്\'\'. സാറ് വേഗം സ്ഥലം വിട്ടു. റോഡിലൂടെ നടന്നു മൂത്രമൊഴിക്കുന്ന തന്തയുടെ മകന്‍ പിള്ളാരുടെ മേലെ മൂത്രമൊഴിക്കുന്നത് \"ജീനി\'\'ന്റെ പ്രത്യേകത തന്നെ. കള്ളിപ്പശുവിന്റെ മോള് പുള്ളിക്കിടാവെന്നല്ലേ. ഈ കഥ ഇപ്പോള്‍ അവതരിപ്പിച്ചതിനു പിന്നില്‍ ഒരു സംഭവമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ഒരു പ്രധാന വാര്‍ത്തയാണിതിന് ആധാരം. ആറാം ക്ളാസുകാരിയായ വിദ്യാര്‍ത്ഥിനിയെ എട്ടാം ക്ളാസുകാരായ മൂന്ന് ആണ്‍കട്ടികള്‍ പീഡിപ്പിച്ചു. ഇതൊരു ബാലവീരഗാഥയായി ആദ്യം തോന്നി. പിന്നീടാണ് അതിലെ നടുക്കം ഉണ്ടാക്കുന്ന ചില വസ്തുതകള്‍ ഓര്‍ത്തത്. പതിനൊന്നു വയസുകാരിയാണ് വിദ്യാര്‍ത്ഥിനി. പതിമൂന്നു വയസുകാരാണ് പീഡന വീരന്മാര്‍. നമ്മുടെ സമൂഹത്തിന്റെ അധഃപതനം ഏതു നില വരെ എത്തിയെന്നു ഇനി ആലോചിച്ച് സമയം കളയാനില്ല. പല പീഡനക്കേസുകളിലും രക്ഷിതാക്കളാണു പ്രതികള്‍. മുതിര്‍ന്നവരാണ് ആറു വയസുകാരികളേയും 14കാരികളേയും പീഡിപ്പിക്കുന്നത്. അത്തരം വാര്‍ത്തകളില്ലാതെ ദിനപ്പത്രം ഒരു ദിവസംപോലുമില്ല! ചാനല്‍ റിപ്പോര്‍ട്ടുകളുമില്ല! കണ്ടും കേട്ടും പഠിക്കുന്ന കുട്ടികള്‍ അതാവര്‍ത്തിക്കുന്നു. ആശാനൊന്നു പിഴച്ചാല്‍.... ഓരോ അച്ഛനും ഓരോ ആശാന്‍ കൂടിയാണ്. ഒരു കുട്ടിയുടെ അച്ഛന്‍ മാത്രമല്ല, അയാള്‍ ഒരു സമൂഹത്തിലെ മുഴുവന്‍ കുട്ടികളുടെ മാതൃകാ ഗുരു കൂടിയാണ്. അയാളാണ് ആറു വയസുകാരിയെ അറുപതാം വയസില്‍ പീഡിപ്പിച്ചുകൊല്ലുന്നത്. സ്വന്തം മകളെ മാനഭംഗപ്പെടുത്തി ഒരു തവണയല്ല, നിരവധി തവണയാണ് കൊല്ലുന്നത്, ഗര്‍ഭിണിയാക്കുന്നത്. മറ്റുള്ളവര്‍ക്കു വില്‍ക്കാനും കാശുണ്ടാക്കാനും തയാറാകുന്നത്. മാതാവും ഒരു ഗുരുവാണ്. ഒരു സ്ത്രീ; ഒരു അമ്മ അവരൊരു സമൂഹത്തിന്റെ മുഴുന്‍ ഗുരുവാണ്. അവരാണ് പതിമൂന്നുകാരിയെ വില്‍ക്കാന്‍ കൊണ്ടുനടന്ന് പിന്നീടു കൊലപ്പെടുത്തിയത്. സിനിമയുടെ പേരുപറഞ്ഞ് അവളെ വിറ്റ് ആടയാഭരണങ്ങളും അന്തസും അവള്‍ക്കു നേടിക്കൊടുക്കുന്നത്. ഇത്തരം ഒരു സമൂഹത്തില്‍ ഇങ്ങനെയുള്ള സന്തതികളല്ലേ ഉണ്ടാകൂ. ഇങ്ങനെയുള്ള ബാല്യങ്ങളല്ലേ ഉണ്ടാകൂ. തെങ്ങില്‍നിന്ന് തേങ്ങയല്ലാതെ മറ്റെന്തു കിട്ടാന്‍? ഒരു നീതിസാരവാക്യം ഓര്‍ക്കുന്നു. \"അച്ഛനെ കൊല്ലണം, അമ്മയ്ക്കൊന്നും കൊടുക്കരുത്, ഭാര്യക്കെല്ലാം കൊടുക്കണം\'\'എന്ന്. അച്ഛനെ കൊല്ലുക എന്നത് ശാരീരികമായല്ല. ബുദ്ധിയേയും അച്ഛന്റെ പ്രതാപ പ്രഭാവത്തേയുമാണ് മക്കള്‍ ജയിക്കേണ്ടത്. മിടുക്കനായ അച്ഛന്റെ അതിമിടുക്കനായ മകന്‍. മറ്റുള്ളത് അവിടെ നില്‍ക്കട്ടെ. അച്ഛന്റെ പ്രവൃത്തികളെയും വിജയങ്ങളെയും വെല്ലുക എന്ന അര്‍ത്ഥത്തിലാണ് അച്ഛനെ കൊല്ലുക എന്ന് വിവക്ഷിക്കുന്നത്. എന്നാല്‍ അത് ഇന്ന് ശരിക്കും വൃഥാവിലാകുകയാണ്. അച്ഛന്മാരെ ശരിക്കും കൊല്ലുകയാണ് മക്കള്‍. അച്ഛന്മാരുടെ പേരിനുമീതെ വളരുകയാണ് എല്ലാ അര്‍ത്ഥത്തിലും മക്കള്‍. മുട്ടയില്‍ നിന്നു വിരിയുംമുമ്പേ മഹാപാപികളായി, ആഭാസന്മാരായി മാറുകയാണ് ബാലന്മാര്‍! ഇപ്പോള്‍ നടന്ന ഈ പീഡനം ഒരു ബാലവീരഗാഥയായി എഴുതാമോ? ഇനിയെങ്കിലും കുട്ടികളെ നോക്കി രക്ഷിതാക്കള്‍ നടക്കണം - മുതിര്‍ന്നവര്‍ നടക്കണം. അല്ലെങ്കില്‍ അച്ഛനെ കൊല്ലുന്ന മക്കള്‍ പിറക്കും. പിന്നെ കരഞ്ഞിട്ടു കാര്യമില്ല.
സാമൂഹ്യപാഠം : മുമ്പേ ഗമിക്കുന്ന ഗോവു തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം. അഭിമന്യുവിനെ ഓര്‍ത്ത് പാര്‍ത്ഥന് അഭിമാനിക്കാം; ധൃതരാഷ്ട്രര്‍ക്കോ?

No comments:
Post a Comment