Wednesday, December 3, 2008

സുദര്‍ശനന്‍ സാറിന്റെ സ്വപ്നം!


സുദര്‍ശനന്‍ ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനാണ് (ഒരു പ്രാദേശിക ലേഖകന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയില്ലല്ലോ). പണ്ട് അയാള്‍ ഒരു ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനായിരുന്നു (ഒരു ട്യൂട്ടോറിയല്‍ അധ്യാപകന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയില്ലല്ലോ). പുതിയ വിദ്യാഭ്യാസ പദ്ധതി വന്നതോടെ പത്താം ക്ളാസിന്റെ പ്രാധാന്യവും തോല്‍വി എന്ന ഭീതിയും ഇല്ലാതായി. അതോടെ എസ്.എസ്.എല്‍.സി. സെഷന്‍ ക്ളാസ്സുകളും ഇല്ലാതായി. പത്താം ക്ളാസ് ഏത് പാമരനും ജയിക്കാമെന്നായി. വെറുതെ അങ്ങ് ഇരുന്നുകൊടുത്താല്‍ മതി. ഒരു തരം ട്രെയിന്‍ യാത്ര. ടിക്കറ്റെടുത്ത് കയറിയിരിക്കുക. എത്തേണ്ടിടത്ത് ഇറങ്ങുക. തോല്‍ക്കുന്നവരില്ല. ഗ്രേഡുകാര്‍ മാത്രം - മുന്തിയത്, അതിലും കുറഞ്ഞത്, ഏറ്റവും അറ്റത്ത് ആത്മാവു പോയ ഗ്രേഡുകാര്‍. ഉന്നത വിദ്യാഭ്യാസത്തിന് ഭാഗ്യമില്ലാത്ത നപുംസകങ്ങള്‍. പക്ഷേ അവര്‍ക്കുവേണ്ടി \'സേ\' ഉണ്ട്. അങ്ങനെ സെഷന്‍കാരും ട്യൂട്ടോറിയലും ഇല്ലാതായതോടെ സുദര്‍ശനന്‍ ഈവനിംഗ് കോഴ്സുവഴി ജേര്‍ണലിസം പാസാവുകയും പത്രപ്പരസ്യം വഴി പ്രാദേശിക ലേഖകനാവുകയും ചെയ്തു. എങ്കിലും സാര്‍ എന്നുള്ള സംബോധനകള്‍ എവിടെച്ചെന്നാലും കേള്‍ക്കാം. സാമാന്യം ഭേദപ്പെട്ട ശിഷ്യസമ്പത്തും ഉണ്ട്. വിവാഹിതനാണ്. രണ്ടു കുട്ടികളുമുണ്ട്. മുംബൈ സ്ഫോടനം നടന്ന ദിവസം സുദര്‍ശനന്‍ സാര്‍ ഉറങ്ങിയത് രാത്രി രണ്ടുമണിക്കാണ്. മെല്ലെ അദ്ദേഹം ഒരു സ്വപ്നത്തിലേക്ക് വഴുതിവീണു. മുംബൈ താജിലാണ് സാറിപ്പോള്‍. യൂണിഫോം ഒക്കെ ധരിച്ചിട്ടുണ്ട്. കൈയില്‍ തോക്കും മറ്റ് ആയുധങ്ങളുമുണ്ട്. സാര്‍ താജിലേക്ക് ഇടിച്ചുകയറി. ദാ നില്‍ക്കുന്നു ഒരു ഭീകരന്‍. അയാളുടെ കൈയ്യില്‍ തിര തീര്‍ന്ന ഒരു തോക്കേയുള്ളു. അയാള്‍ സാറിനുനേരെ തോക്കുമായി പാഞ്ഞടുക്കുകയാണ്. അടിച്ചുവീഴ്ത്താനാണ്. സാര്‍ തയ്യാറായി. \'ടാ, നില്‍ക്കവിടെ! ഇത് ലോഡ് ചെയ്ത തോക്കാണ്. കൊന്നുകളയും!\'. ഭീകരന്‍ നിന്നു. കൈകള്‍ രണ്ടും പൊക്കി. ഭീകരനെ സുദര്‍ശനന്‍ സാര്‍ ശ്രദ്ധിച്ചുനോക്കി. പയ്യന്‍ പത്താം ക്ളാസിലെ ഒരു മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വയസ് വരും! മീശ കരുത്താര്‍ജ്ജിച്ചിട്ടില്ല. സാര്‍ മലയാളം പാഠപുസ്തകത്തിലെ ബഷീറിന്റെ കഥയോര്‍ത്തുപോയി. ഭൂമിയുടെ അവകാശികള്‍! ഒന്നിനേയും കൊല്ലരുത്. എല്ലാവരും ഭൂമിയുടെ അവകാശികളാണ്. പുലിയും പല്ലിയും ഉറുമ്പും ചിതലുമെല്ലാം. സഖാവ് മൂര്‍ക്കനും! ഭീകരനെ നോക്കി സാര്‍ മന്ദഹസിച്ചു. പാവം പയ്യന്‍. ഒന്നുപദേശിച്ചു നോക്കാം. നേരെയാകുമെന്നു തോന്നുന്നു. പക്ഷേ ആദ്യം സുദര്‍ശനന്‍ സാറിന്റെ തനിസ്വഭാവം കാട്ടണം. ക്രുദ്ധനായി സാര്‍ സംസാരം ആരംഭിച്ചു. \'എടാ, ഡാഷ് മോനെ.... നിനക്ക് എന്തിന്റെ സൂക്കേടാ. നിനക്ക് തോന്ന്യവാസം കാട്ടാനുള്ളതാണോ ഈ ഇന്ത്യ? ഈ താജ്? ഈ മുംബൈ? എന്തിനാടാ ജന്മം തുലയ്ക്കുന്നത്? നീ മയക്കുമരുന്ന് കഴിക്കുന്നുണ്ടല്ലേ? എടാ, സുഗതകുമാരിയുടെ ലേഖനം പത്താം ക്ളാസിലുണ്ട്. സമയം കിട്ടുമ്പോള്‍ ഒന്നു വായിച്ചുനോക്കണം. മയക്കുമരുന്നടിച്ചു ജന്മം തുലച്ച ഒരു പതിനെട്ടുകാരന്റെ അവസ്ഥ\'. ഭീകരചെറുക്കന്‍ ഒന്നും പറഞ്ഞില്ല. തലകുനിച്ചു നില്‍ക്കുകയാണ്. അനുസരണയുള്ളവന്‍. സാറിനുതോന്നി. തെറ്റുപറ്റി, വഴിതെറ്റി പാവം. സാറ് പയ്യന്റെ അടുത്തേക്കുചെന്നു. \'എടാ മോനെ, ഇത് പാപമാണ്. നമുക്കൊരാളെ കൊല്ലാന്‍ പറ്റും. കുറെപ്പേരെ കൊല്ലാന്‍ പറ്റും. കുറെ നശിപ്പിക്കാന്‍ പറ്റും. പക്ഷേ അതല്ല നമ്മുടെ കര്‍ത്തവ്യം. നീ നിന്റെ ഭാവി തുലച്ചില്ലേ. മിടുക്കനായി പഠിച്ച് പി.എസ്.സി. ലാസ്റ് ഗ്രേഡിന് അപേക്ഷിച്ച് പരീക്ഷ എഴുതി കാത്തിരിക്കുകയോ മറ്റു ജോലി ചെയ്തു രക്ഷപെടുകയോ ചെയ്യാമായിരുന്നു. എന്തിനാ ഈ പണിക്ക് ഇറങ്ങിയത്. ദേ, ഞാനായിട്ട് നിന്നെയൊന്നും ചെയ്യില്ല. വെറുതെ പ്രശ്നമുണ്ടാക്കരുത്\'. ഭീകരച്ചെറുക്കന്‍ ഒന്നും മിണ്ടുന്നില്ല. സാറിന് ആവേശം കേറി. അവന്‍ ഉപദേശം കേള്‍ക്കുന്നുണ്ട്. \'മോനെ, നിനക്ക് ഈ തെമ്മാടിത്തരത്തിന് ധാരാളം പണം കിട്ടിക്കാണുമല്ലോ. ആ പണമെല്ലാം എവിടെ? നീ ടിവി കണ്ടോ? നിന്റെയൊക്കെ ഭീകരക്കളിയുടെ തത്സമയ പ്രക്ഷേപണത്തിനിടക്ക് ഒരു പരസ്യം കണ്ടു. ഒരുത്തനെ കടലില്‍തട്ടി താഴ്ത്തുന്നതും വളരെ കരുത്തോടെ അയാള്‍ പൊങ്ങിവരുന്നതും നിനക്ക് എന്തോന്നു മനസ്സിലായി. അത് ഇന്‍ഷൂറന്‍സ് പരസ്യമാ. നീ നിന്റെ പണം ഇതുപോലെ ഇന്‍വെസ്റ്മെന്റില്‍ കൊണ്ട് ഇട്. എന്റെ സഹപ്രവര്‍ത്തകന്‍ പോളിസി ഏജന്റാ. നീ ഭീകരനൊന്നുമല്ല. ചുമ്മാതെ ഓരോരുത്തര് പറഞ്ഞ് പറഞ്ഞ് കുറ്റപ്പെടുത്തുന്നതാ. നീ ഇനി ഇങ്ങനെയൊന്നും ചെയ്യരുത് കേട്ടോ\'. സാറ് ഭീകരച്ചെറുക്കന്റെ തോളത്തുതട്ടി. അവന്‍ \'ഒന്നിന്\' പോകണമെന്ന് ആംഗ്യം കാട്ടി. സാറ് സ്നേഹത്തോടെ പുഞ്ചിരിയോടെ അതിനനുവദിച്ചു. \'പൊയ്ക്കളയരുത്. ചെക്കന്‍ ജനാലവഴി പുറത്തേക്കു ചാടി. \'നിന്നെ പിന്നെ കണ്ടോളാം. ഇന്ത്യന്‍ നായെ എന്ന് ഇംഗ്ളീഷില്‍ പറഞ്ഞുകൊണ്ട്. സാര്‍ ചുറ്റുംനോക്കി. ആരും കേട്ടില്ല. സുദര്‍ശനന്‍ സാറിന്റെ പടം പത്രത്തില്‍ വന്നു. ടിവിയില്‍ വന്നു. സാറിന് അനുമോദനങ്ങളുടെ പ്രവാഹമായിരുന്നു. ഭീകരനെ ഉപദേശിച്ചു നേരെയാക്കുന്നുവെന്ന് പുതിയ ഭീകരകഥ. താന്‍ വാര്‍ത്തയെഴുതികൊടുക്കുന്ന പത്രവും ഒന്നാം പേജില്‍ വാര്‍ത്ത നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ സാറിനുവേണ്ടി അനുമോദനയോഗങ്ങള്‍ നടത്തുന്നു. സ്വീകരണങ്ങള്‍, നോട്ടുമാലകള്‍, മാലകള്‍.... ഒടുവില്‍ അതാ വരുന്നു ഒരു സര്‍പ്രൈസ് ഓഫര്‍. ഭീകരതയെ നേരിട്ട സാറിന്റെ ധൈര്യവും ബുദ്ധിയും ഉപദേശപാടവവും പരിഗണിച്ച് അദ്ദേഹത്തിനെ കേന്ദ്രമന്ത്രി സഭയില്‍ ആഭ്യന്തരമന്ത്രിയാക്കി പ്രധാനമന്ത്രി നിയമിച്ചിരിക്കുന്നു എന്ന് വാര്‍ത്ത! ഫ്ളാഷ് ന്യൂസുകള്‍. സാര്‍ പുളകമണിഞ്ഞുനില്‍ക്കുന്നു. ന്യൂഡല്‍ഹിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ്. \'ദേ, പാലു വാങ്ങാന്‍ പോകുന്നില്ലേ. സമയം ഏഴര കഴിഞ്ഞു\'. ഭാര്യ വിളിച്ചപ്പോഴാണ് സാറുണര്‍ന്നത്. \'എടീ, ഞാനൊരു സ്വപ്നം കണ്ടു....\' \'ഭീകരനെ കൊന്നു എന്നായിരിക്കും\'. ഭാര്യ കളിയാക്കി. \'ഇവളിതെങ്ങനെ അറിഞ്ഞു\'. സാറ് മിഴിച്ചിരുന്നു.

സാമൂഹ്യപാഠം: സ്വപ്നം ചിലര്‍ക്ക് ശരിയായി വന്നേക്കാം. സ്വപ്നംകൊണ്ടും രാജിയും ഉപദേശവുംകൊണ്ട് ഭീകരര്‍ തോല്‍ക്കുമോ? തോക്കു വേണ്ടെന്നു വയ്ക്കുമോ?

No comments: