

അനില്‍ പെണ്ണുക്കര
ഷീലാ വധക്കേസ്സിലെ ഒന്നാംപ്രതി സമ്പത്ത് പോലീസ് കസ്റഡിയില്‍ വെച്ചു മരിച്ചു. ആ വാര്‍ത്തകള്‍ കൊണ്ടു ചാനലുകള്‍ സദ്യ ഒരുക്കുന്നതും കണ്ടു. സമ്പത്തിന്റെ അമ്മയും ഭാര്യയും ബന്ധുക്കളും വിലപിക്കുന്നതുമായ രംഗങ്ങള്‍ കാണുകയുമുണ്ടായി.
സമ്പത്തിന്റെ ഒരു ബന്ധു കരഞ്ഞുകലങ്ങിയ കണ്ണുമായി അവനെ പോലീസ് ഇടിച്ചു കൊന്നതാണെന്ന് വിലപിക്കുന്നതും കണ്ടു.
സമ്പത്തിന്റെ മരണം പോലീസ്സിന്റെ കൈക്രിയയാണെങ്കില്‍ അത് ആശാസ്യമല്ല. ക്രൂരവും നിയമവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവുമാണ്. എന്തെങ്കിലും മറച്ചുവെയ്ക്കാനോ എന്നേക്കുമായി തൂത്തുകളയാനോ ഉള്ള ഒരു വ്യഗ്രത ഉദ്യോഗസ്ഥതലത്തില്‍ നിന്നോ ഉന്നതരില്‍നിന്നോ ഉണ്ടായിട്ടുണ്ടാകും. അത് ഷീലാവധത്തിന്റെ പിന്നിലെ സത്യങ്ങള്‍ മൂടിവെക്കുന്നതിനേ സഹായിക്കുകയുള്ളൂ. അക്കാരണത്താല്‍ പോലീസ് ഗുണ്ടയും മരണവും ആകുന്നത് അനുവദിച്ചുകൂടാ. പക്ഷേ സമ്പത്തിന് ലഭിച്ച മരണം പാപത്തിന്റെ ഫലമാണ്. അബലയായ ഒരു ചെറുപ്പക്കാരിയെ നിഷ്ഠൂരം കഴുത്തറുത്തു കൊന്നത് ഒരാള്‍ക്കും ഒരിടത്തും പൊറുക്കാനാവില്ല. മാത്രമല്ല പ്രായമായ ഒരു സ്ത്രീയെ കൊല്ലാക്കൊലചെയ്തതും!
കേവലം മോഷണത്തിനു വേണ്ടിയാണോ സമ്പത്ത് (പ്രതിയായെങ്കില്‍) ഇതു ചെയ്തത്? അല്പം പണത്തിനും പണ്ടത്തിനുമുള്ളത്ര വില ഒരു വീട്ടമ്മയുടെ ജീവനില്ലേ?
സമ്പത്തിന്റെ ബന്ധുക്കള്‍ അയാളുടെ മരണത്തില്‍ വിതുമ്പന്നതും പോലീസ് ക്രൂരതയെക്കുറിച്ച് പൊട്ടിത്തെറിക്കുന്നതും സമ്പത്ത് പ്രവര്‍ത്തിയറിഞ്ഞപ്പോള്‍ ഉണ്ടായോ? അതോ ഇത് തന്‍കുഞ്ഞായതുകൊണ്ടുള്ള പ്രതിഷേധവും ധാര്‍മ്മികരോഷമാണോ?
കേരളം അരക്ഷിതാവസ്ഥയിലാണ്. ഒന്നിലും നിയമത്തിന്റെ മേല്‍നോട്ടവും സുരക്ഷിതത്വവും ഇല്ല. സര്‍ക്കാരിനുപോലും ഉദ്യോഗസ്ഥരേയും സമൂഹത്തേയും നിയന്ത്രിക്കാനാവുന്നില്ല. കൈയ്യൂക്കുള്ളവര്‍ കാര്യക്കാരാകുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തില്‍ നടക്കുന്ന പല സംഭവങ്ങളിലും നിയമം പ്രതികളാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നതാണ് കാണുന്നത്. ഒളിക്യാമറ വിഷയത്തില്‍ പരാതിക്കാരനു നീതി നല്‍കാതെ പ്രതിയ്ക്കുവേണ്ടി ബദ്ധപ്പെടുന്ന പോലീസുകാരെയാണു നാം കണ്ടത്. സ്ത്രീകള്‍ കുളിക്കുന്നതു മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയവര്‍ക്കൊപ്പം നില്‍ക്കുന്ന പോലീസ് സേനയെയാണ് നാം കണ്ടത്. മൊബൈല്‍ ക്യാമറാ ദൃശ്യങ്ങള്‍ എത്ര പെണ്‍കുട്ടികളെ ആത്മഹത്യയിലേക്കു നയിച്ചു.
കൈയ്യേറ്റക്കാരും ഭൂമാഫിയകളും രാഷ്ട്രീയക്കാരും ചേര്‍ന്നു നിയമം ചവറ്റുക്കുട്ടയില്‍ തള്ളുന്നതും നാം കണ്ടു.
പോലീസ് കത്തിയുണ്ടാക്കുന്നു. ഇടിച്ചുകൊല്ലുന്നു. ഒളിക്യാമറ ഹോട്ടലുകള്‍ക്ക് ഓശാന പാടുന്നു. സര്‍ക്കാരിനുമാത്രം ഒരു നടപടിയും ഉത്തരവും ഇല്ല. ഒളിക്യാമറ ഹോട്ടല്‍ പൂര്‍വ്വാധികം ഭംഗിയായി പ്രവര്‍ത്തനം നടത്തുന്നു.പതിന്നാലുകാരിയായ പെണ്‍കുട്ടി പല പീഡനത്തിലൂടെ എയ്ഡ്സ് വന്നു മരിച്ചു. കിളിരൂരും, കവിയൂരും, ഒക്കെ ജനം മറന്നു. ഇതാണു കേരളം. സമൂഹത്തോടും ജനതയോടും ഉത്തരവാദിത്തമില്ലാത്ത മാഫിയാ ബന്ധങ്ങളാണോ ഇന്നിവിടുത്തെ ഭരണക്കാര്‍!
സമ്പത്തിന്റെ മരണത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. പക്ഷേ ഈ മരണത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അപരാധികളായ മറ്റനവധിയാളുകളേയും വളംവെച്ചു കൊടുക്കുന്ന നിര്‍ജീവമായ ഭരണകൂടത്തെപറ്റിയും ഓര്‍ത്തുപോയി.
സമ്പത്തിന്റെ മരണം ഭരണക്കാര്‍ക്കെതിരെ ഒരായുധമായി മാറും. പക്ഷേ ഷീലയും അവരുടെ കുടുംബവും നേരിട്ട ദുരന്തവും മാത്രം വിസ്മൃതമാകും.
വനിതാസംവരണബില്ലും വനിതാദിനവും സ്ത്രീശാക്തീകരണവും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന നാട്ടിലാണ് ഷീലമാര്‍ക്ക് ഈ ദുരന്തം! കേവലം പോട്ടെന്ന ഒരു ചീട്ടിനുവേണ്ടി മാത്രമുള്ള പൊറാട്ടുനാടകങ്ങളാണ് ഈ ചര്‍ച്ചകള്‍. സ്ത്രീകളെ കൂടെ നിര്‍ത്തുവാന്‍ ബന്ധപ്പെടുന്ന രാഷ്ട്രീയക്കാരുടെ ചൂണ്ടയിലെ വെറും ഇരകളാണ് ഈ ബില്ലും മറ്റും. സ്വന്തം വീട്ടില്‍പോലും സുരക്ഷിതമല്ലാത്ത സ്ത്രീയ്ക്കെന്തിനാണ് സംവരണം? എവിടെയാണ് സംവരണം. മരണത്തിനും കൊള്ളയ്ക്കും മാനഹാനിയുമാണോ?
വിദേശ ഇന്ത്യാക്കാരെന്ന നിലയില്‍ ഒരു വലിയ സമൂഹം കേരളീയര്‍ അങ്കലാപ്പിലാണ് പലരുടേയും കുടുംബാംഗങ്ങള്‍ ആണ് കൊച്ചുകേരളത്തിലുണ്ട്. എപ്പോള്‍ എന്തു വാര്‍ത്തയാണ്. അവരെപ്പറ്റി കേള്‍ക്കുക എന്ന ഭീതിയിലാണ് ഇവര്‍ . നാട്ടിലും വീട്ടിലും അവര്‍ക്കു രക്ഷയില്ല. കുട്ടികള്‍ക്ക് നിര്‍ഭയം പഠിക്കാന്‍ പോകാന്‍ പറ്റില്ല. ടോയ്ലെറ്റില്‍ കയറാന്‍ പറ്റില്ല. തുണിയൊന്നു ഉയര്‍ത്തിപ്പോയാല്‍ ...പടങ്ങളായി മാറുകയാണ് ഇപ്പോള്‍. വിസര്‍ജ്ജനപ്രക്രിയപോലും! ഹോട്ടലുകള്‍ വിഭവങ്ങള്‍ക്കൊപ്പം സെക്സും ബില്ലടിച്ച് ഈടാക്കുകയാണ്. ഫൈവ്സറ്റാറും സ്റാറുകളും ഒക്കെ സെക്സ് റാക്കറ്റുകളാണോ എന്നു തിരിച്ചറിയാന്‍ പാടില്ലാത്തവണ്ണം മാറിപ്പോയിരിക്കുന്നു.
ഷീലയും ഒരമ്മയുടെ മകളായിരുന്നു. ഒരമ്മയായിരുന്നു. സ്വന്തം വീട്ടിലാണ് അവര്‍ കഴുത്തറ്റു പിടഞ്ഞത്! അവര്‍ക്കും ബന്ധുക്കളും സഹോദരങ്ങളും സ്വപ്നങ്ങളും അവകാശങ്ങളുമുണ്ടായിരുന്നു. സമ്പത്തിനെ ഓര്‍ത്തു കരയുന്നവര്‍ ഷീലയെക്കുറിച്ചും ഓര്‍ക്കണം. ഒരിറ്റു കണ്ണുനീര്‍ പൊഴിക്കണം. പാപത്തിന്റെ ശമ്പളം മരണമാണെന്ന് ആശ്വസിക്കണം.
പക്ഷേ ഒരു കാര്യം ആരും മറക്കരുത് ;വേലി തന്നെ വിളവെടുക്കരുത്. തിന്നരുത്. വേലികെട്ടിയവനും ഇക്കാര്യം സംഭവ്യമാണെന്ന് കരുതണം. ബാലചന്ദ്രമേനോന്റെ സിനിമയില്‍ ഒരു പോലീസ് ഓഫീസര്‍ പറയുന്ന കാര്യം സത്യമാണഎന്നു തോന്നുന്നു. അപരാധിയാകുന്നവന് പോലീസ് പ്രാരംഭഘട്ടത്തില്‍ നല്‍കുന്ന ദണ്ഡനം മാത്രമേ ഇന്ത്യയിലൊരുവനു ശിക്ഷയായി ലഭിക്കുന്നുള്ളൂ. അല്ലെങ്കില്‍ അവന്‍ തെളിവുകളുടെ അഭാവത്തില്‍ പൊടിയും തട്ടി വെറും കൈയും വീശിപ്പോകുമ്പോള്‍ നിയമം കരഞ്ഞുപോകും!
.....................................................................................................................................................
സാമൂഹ്യപാഠം
സമ്പത്തിനെ ഓര്‍ക്കുന്നവര്‍ ഷീലയോടും ഓര്‍ക്കണം. അവര്‍ മരിച്ചത് പോലീസ്സിന്റെ അടിയേറ്റല്ല; സമ്പത്ത് ....മറിച്ചാണെങ്കില്‍....ഒന്നും പറയാനാവില്ല!



