അങ്ങനെ ഇന്ത്യയും ചന്ദ്രകിണ്ണത്തില്‍ പൈംപാല്‍ തൊട്ടെടുത്തു. ഭാരതത്തിന്റെ തൃപ്പതാക ചന്ദ്രന്റെ മണ്ണില്‍ വീണു കഴിഞ്ഞു. ചന്ദ്രയാന്‍ ദൌത്യം വിജയകരം; ഇന്ത്യയ്ക്ക് ഇതു ചരിത്രമുഹൂര്‍ത്തം. പുളകം കോരുന്ന നിമിഷം. ചന്ദ്രന്‍ എന്നും മനുഷ്യന്റെ സങ്കല്പലോകമായിരുന്നു. കുട്ടികള്‍ക്ക് അമ്പിളി അമ്മാവനായിരുന്നു. അപ്പൂപ്പന്‍ താടിപോലെ നരച്ച തൊപ്പിയുള്ള അമ്മാവന്‍. ആനപ്പുറത്തുള്ള അമ്മാവന്‍! കവികള്‍ക്ക് എന്നും ചന്ദ്രന്‍ കാവ്യവിഷയവും ബിംബവുമാണ്. കാല്പനികതയുടെ വറ്റാത്ത ഉറവിടം. കാമുകീകാമുകന്മാര്‍ക്ക് ചന്ദ്രബിംബം മധുരിക്കുന്ന മാസ്മരിക സുഖമാണ്. ചകോരങ്ങള്‍ ഉണ്ണുന്നതും ഈ ചന്ദ്രാമൃതത്തിന്റെ നുറുങ്ങുകളാണെന്നു കവികള്‍ പറയുന്നു.പക്ഷേ, ഭാവനയുടെയും കാല്പനികതയുടെയും പ്രണയഭരിത ഭാവങ്ങളുടെയും ഭാവനാന്തരീക്ഷത്തില്‍ നാം ഇന്നിതാ യാഥാര്‍ത്ഥ്യങ്ങളുടെ പുതിയ അധ്യായത്തിലേക്ക്! ചന്ദ്രനെ തൊടുന്ന ലോകരാജ്യങ്ങളില്‍ നാലാമതായി ഭാരതം. ഇനി ഒരു ഭാരതീയന്റെ കാല്പാടുകള്‍ കൂടി ആ ചാന്ദ്രതേജസിന് മാറ്റു കൂട്ടും. മൂവര്‍ണ്ണ കൊടിയുടെ സൌമ്യഭാവം കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ചന്ദ്രന്റെ നിലാവിലുണ്ട്.ചന്ദ്രയാന്‍ ദൌത്യം നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ അഭിനന്ദനാര്‍ഹമായി വിജയിപ്പിച്ചുകഴിഞ്ഞു. എം.ഐ.പി. ചന്ദ്രന്റെ മണ്ണില്‍ പതിച്ചപ്പോള്‍ ഭാരതത്തിലെ നൂറുകോടി വരുന്ന മനസ്സുകളുടെ സ്നേഹവും സ്പര്‍ശവും ഐക്യവും വിജയഗാഥയും പ്രപഞ്ചം കണ്ടു. അനുഭവിച്ചു! ഇപ്പോള്‍ ചന്ദ്രികയ്ക്ക് ഒരു പ്രത്യേക സൌന്ദര്യമുണ്ട്. തന്നെ ദേവനായി ആരാധിക്കുന്ന ഒരു രാജ്യത്തിന്റെ സ്നേഹോപഹാരമാണ് ലഭിച്ചിരിക്കുന്നത്. ചന്ദ്രനെ തൊടുന്ന ലോകരാജ്യങ്ങളില്‍ നാലാമതായി ഇന്ത്യ. എം.ഐ.പി. എന്ന നിരീക്ഷണ പരീക്ഷണ ഉപകരണം ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാകയുമായി ചന്ദ്രന്റെ മണ്ണിലേക്കു പതിച്ചപ്പോള്‍ ഭാരതത്തിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യുഗമായിരുന്നു. ചന്ദ്രനിലേക്ക് ആളെ കയറ്റി അയക്കുവാന്‍ തയാറെടുക്കുന്ന നമ്മുടെ ബഹിരാകാശ പദ്ധതിയുടെ വിജയമുഹൂര്‍ത്തമായിരുന്നു ഇത്.വയലാര്‍ പാടിയതുപോലെ നാം ഇനി ഗോളങ്ങളെ അമ്മാനമാടും. നമ്മുടെ അശ്വമേധത്തിന്റെ പടഹധ്വനി ബഹിരാകാശത്തും ഉയര്‍ന്നുകേള്‍ക്കും.ഇന്ത്യ ചന്ദ്രനെ അറിയാന്‍ തുനിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അംഗമായിരിക്കുന്നു. ചന്ദ്രക്ളബ്ബിലെ അംഗം. ചന്ദ്രനില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ക്കും വിഭവങ്ങള്‍ക്കും ഇന്ത്യയ്ക്കും അവകാശമുണ്ട്.ചന്ദ്രയാന്‍ ദൌത്യവും എം.ഐ.പി.യും സംബന്ധിച്ച് മലയാളിക്ക് പ്രത്യേകിച്ച് അഭിമാനമുണ്ട്. ഈ മഹായാനത്തിന്റെ നേതൃത്വം വഹിച്ചത് ഐ.എസ്.ആര്‍.ഒ.ചെയര്‍മാന്‍ ശ്രീ.മാധവന്‍ നായര്‍ അവര്‍കളാണ്. ചന്ദ്രയാന്‍ വഹിച്ചുകൊണ്ടുപോയതും പരീക്ഷണയന്ത്രവുമായ എം.ഐ.പി. നിര്‍മ്മിച്ചതും കേരളത്തിലാണ്. ഭാരതത്തിന് ആകെ പുളകവും ആഹ്ളാദചന്ദ്രികയും ചൊരിയുന്ന ഈ മുഹൂര്‍ത്തത്തില്‍ മലയാളികള്‍ക്ക് ഏറെയുണ്ട് അഭിമാനിക്കാന്‍! ഇന്ത്യ ഒട്ടും പിന്നിലല്ല. പ്രയാണത്തിന്റെ കാര്യത്തില്‍ നാം എന്നും ചരിത്രമെഴുതുന്നവരാണ്. ഭഗീരഥന്റെ ഇന്ത്യയ്ക്ക് ചന്ദ്രന്‍ ഇനി ഒരു സങ്കല്പലോകം മാത്രമല്ല. യാഥാര്‍ത്ഥ്യമാണ്. ഇനി ചൊവ്വയും ജ്വലിച്ചെരിയുന്ന സൂര്യനും നമുക്ക് വിദൂരത്തിലല്ല. ഭാരതം വളര്‍ന്നു. എന്തു വെല്ലുവിളികളും, ചോരക്കൊതിയന്മാരുടെ ഒളിനിഴല്‍ യുദ്ധവും നമുക്ക് അലോസരമാണെങ്കിലും നമ്മുടെ വിജയയാത്രയെ, കൊടിപ്പടത്തെ താഴ്ത്താനാവില്ല എന്ന സത്യം ചന്ദ്രദീപം തെളിയിക്കുന്നു. മൂക്കു മുറിച്ച് ശകുനം മുടക്കുന്നവര്‍ അറിയുക. ഇന്ത്യ ചന്ദ്രനില്‍...! സാമൂഹ്യപാഠം : പോരാ പോരാ നാളില്‍ നാളില്‍ ദൂരെ ദൂരെ ഉയരട്ടെ. ഭാരതക്ഷമാ ദേവിതന്‍ തൃപ്പതാകകള്‍..
Tuesday, November 25, 2008
Subscribe to:
Post Comments (Atom)

1 comment:
Preeya Anil,
Abhimanam Thonnunnu, ee valarchayil.
Ezhuthoo veendum veendum, othiri othiri. Othal vallathumokke mail cheyyuka.
Viseshangal Okke Ariyikkuka.
Snehathode,
NIngalude okke
pazhaya Madhu Pennukkara.
madhu.pen@gmail.com
Post a Comment